കവനന്റും പന്തളം കൊട്ടാരവും
27.5.1949 - ലാണ് തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും ഇന്ത്യാ ഗവൺമെന്റ് പ്രതിനിധി വി പി മേനോനും ചേർന്നു കവനന്റ് ഒപ്പിടുന്നത്.
കവനന്റ് പ്രകാരം തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുക്കൊച്ചി സംസ്ഥാനമാകുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആസ്തി ബാധ്യതകൾ തിരുക്കൊച്ചി സംസ്ഥാനത്തിന്റേതായി മാറുന്നു.
കവനന്റ്, പത്മനാഭസ്വാമി ക്ഷേത്രസ്വത്തും പണ്ടാരവക വസ്തുക്കളും കൈകാര്യം ചെയ്യാൻ തിരുവിതാംകൂർ രാജാവിനെ ചുമതലപ്പെടുത്തി.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ- പഴയന്നൂർ ഭഗവതി ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ അതുപോലെ തുടരാനും അതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനും കവനന്റ്, കൊച്ചിരാജാവിനെ അധികാരപ്പെടുത്തി.
കവനന്റ് പ്രകാരം പത്മനാഭസ്വാമി, പൂർണത്രയീശ, പഴയന്നൂർ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ മാത്രം തിരുക്കൊച്ചി രാജാക്കന്മാർക്ക് അവകാശം നൽകി. മറിച്ച് ക്ഷേത്ര വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡുകൾക്കാണ്.
ഈ കവനന്റിൽ പന്തളം രാജാവു കക്ഷിയല്ല. കാരണം കവനന്റ് ഒപ്പിടുമ്പോൾ പന്തളം രാജാവിന്റെ കീഴിലെ ഭൂപ്രദേശങ്ങൾ തിരുവിതാംകൂർ രാജാവിന്റെ കൈവശമായിരുന്നു. മാത്രവുമല്ല പന്തളം കൊട്ടാരത്തിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ അധികാരം (ആചാര സ്വത്തവകാശം) സാമ്പത്തിക ബുദ്ധിമുട്ടുമൂലം തിരുവിതാംകൂർ രാജാവിനു സമർപ്പിക്കുകയും ചെയ്തിരുന്നു. അതിലൊന്നാണു ശബരിമല. അക്കാലത്ത് ശബരിമല ക്ഷേത്രത്തിന് ഇന്നു കാണുന്ന പ്രസിദ്ധിയും വരുമാനവും ഇല്ലാതിരുന്നതിനാൽ സ്വാഭാവികമായും കവനന്റിൽ ഉൾപ്പെടാതെപോയി.
ഈ കവനന്റ് പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ പുതിയ നിയമം അതിന്മേൽ നിർമ്മിക്കപ്പെടുന്നതോടെ ഇല്ലാതാകുമെന്ന് കവനന്റിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു.
പിന്നീട് തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരുടെ അധികാരം നഷ്ടപ്പെട്ടു. തിരുക്കൊച്ചി ജനകീയ മന്ത്രിസഭ വന്നു.
അപ്പോൾ തിരുവിതാംകൂർ-കൊച്ചി ഹിന്ദു മത സ്ഥാപന നിയമം വന്നു, 1950 ൽ. ആ നിയമത്തിൽ ശ്രീപത്മനാഭ- ശ്രീപൂർണത്രയീശ - പഴയന്നൂർ ക്ഷേത്രാചാരങ്ങൾ അതേപടി തുടരാനും ക്ഷേത്ര സ്വത്തുക്കളുടെ ഭരണാവകാശം കൊച്ചി-തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കാനും തീരുമാനിച്ചു.
പിന്നീട് കേരളപ്പിറവിക്കു ശേഷം 1965 ലെ നിയമത്തിലും ഇതു തുടരുന്നു.
1949 ലെ കവനന്റ് ഉണ്ടാക്കിയത് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ്. 1947 ൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നു. അപ്പോൾ 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് റദ്ദ് ചെയ്യപ്പെട്ടു.
1950 ൽ ഭരണഘടന നിലവിൽ വന്നു. അതോടെ 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടും 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടും ഭരണഘടനയുടെ അനുഛേദം 395 നാൽ റദ്ദാക്കപ്പെട്ടു.
അതോടെ അന്നുവരെ നാട്ടുരാജാക്കന്മാർ ഇന്ത്യാ ഗവൺമെന്റുമായി ഉണ്ടാക്കിയ കരാറുകളും കവനന്റുകളും സ്വമേധയാ റദ്ദാക്കപ്പെട്ടു.
1993-ൽ ശ്രീ രഘുനാഥറാവു ഗണപതിറാവു കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇപ്രകാരം പറഞ്ഞു: 'ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ് യൂണിയൻ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുണ്ടായ എല്ലാ കരാറുകളും കവനൻറുകളും അവയിൽ വ്യക്തമാക്കിയ അവകാശങ്ങളും വ്യവസ്ഥകളും, ഭരണഘടന നിലവിൽ വന്നയുടൻ ഇല്ലാതാക്കപ്പെട്ടു; അവയിൽ വ്യക്തമാക്കിയ അവകാശങ്ങളും വ്യവസ്ഥകളും ഇല്ലാതാക്കപ്പെട്ടു, അവയെല്ലാം സ്ഥാപിക്കപ്പെടാനുള്ള യോഗ്യത ഇല്ലാത്തവയായി. കരാറുകൾക്കും കവനന്റുകൾക്കും യാതൊരു നിലനില്പും അവശേഷിക്കുന്നില്ല. കാരണം ഭരണഘടന നിലവിൽ വന്നാൽ ഭരണഘടന പ്രഖ്യാപിക്കുന്ന അവകാശങ്ങൾക്കും കടമകൾക്കും മാത്രമേ പ്രസക്തിയുള്ളു. ഇത്തരം കരാറുകളിലെയും കവനന്റുകളിലെയും വ്യവസ്ഥകൾ, അവകാശങ്ങൾ എന്നിവയെ ഭരണഘടന സംരക്ഷിക്കുന്നില്ല.' (ഖണ്ഡിക 76)
ഇപ്രകാരമിരിക്കെ പന്തളം കൊട്ടാരം പ്രതിനിധിയും തന്ത്രിയും ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തിൽ ഏല്പിക്കുമെന്നു പറഞ്ഞതു ഭരണഘടനാ ലംഘനമാണ്. ക്ഷേത്രം പൂട്ടി താക്കോൽ എടുക്കുക എന്നു പറഞ്ഞാൽ ക്ഷേത്രം നിൽക്കുന്ന കെട്ടിടവും സ്ഥലവും കൈവശപ്പെടുത്തുക എന്നതാണ്.
ഭൂമിയിൽ നിൽക്കുന്ന കെട്ടിടം ഭൂമിക്കവകാശപ്പെട്ടതാണ് എന്നാണ് നിയമം പറയുന്നത്. അതൊരു സ്ഥാവരവസ്തുവാണ്. ശബരിമല ക്ഷേത്രത്തിന്റെ സ്ഥാവരവസ്തു കൈകാര്യം ചെയ്യാനുള്ള ഉടമസ്ഥതാവകാശം കവനന്റ്, തിരുവിതാംകൂർ ഹിന്ദു മത സ്ഥാപന നിയമം, ദേവസ്വം ബോർഡ് നിയമം എന്നിവ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിലാണു നിക്ഷിപ്തമായിരിക്കുന്നത്. ഇത്തരം നിയമപ്രശ്നങ്ങൾ പഠിക്കാതെയും മനസിലാക്കാതെയും പഴയ ചില ധാരണകൾ വച്ച് അഭിപ്രായം പറയുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തത്ത്വങ്ങൾക്കും നിയമവാഴ്ചക്കും എതിരാണ്.
- വി കെ ബാബുപ്രകാശ്,
കേരള നിയമസഭാ സെക്രട്ടറി
No comments:
Post a Comment