My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 23 October 2018

1956 നവംബര്‍ ഒന്നാന്തിക്ക് മുന്‍പ് ഇവിടെ എത്ര രാജ്യം ഉണ്ടായിരുന്നു

Suresh Kunhupillai...

1956 നവംബര്‍ ഒന്നാന്തിക്ക് മുന്‍പ് ഇവിടെ എത്ര രാജ്യം ഉണ്ടായിരുന്നു എന്നൊന്ന് ആലോചിച്ചു നോകിക്കേ, തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഒരു സൂപ്പര്‍ഫാസ്റ്റില്‍ കയറി അന്‍പതു രൂപയുടെ ടിക്കറ്റെടുത്താല്‍ ആ വണ്ടി രണ്ടു മണിക്കൂര്‍ കൊണ്ട് പഴയ അഞ്ചു രാജ്യങ്ങളിലൂടെയെങ്കിലും ചീറിപ്പാഞങ്ങ് പോകും. പന്തളം, അമ്പലപ്പുഴ രാജ്യങ്ങളോക്കെ ക്രോസ് ചെയ്യാന്‍ പതിനഞ്ചു മിനിറ്റ്‍ മതിയാവും. ഈ രാജ്യങ്ങള്‍ക്കൊക്കെ കറന്‍സിയും നാണയവും നാലഞ്ചു നായന്മാര്‍ പട്ടാളക്കാരായും ഒക്കെ ഉണ്ടായിരുന്നു. രാജാവിനു കൊട്ടാരവും കെട്ടിടങ്ങളും വേറെ. അമ്പലപ്പുഴ രാജാവിനു കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ കയറി നിന്നാല്‍ പന്തളം രാജാവിനെ കാണാം. അതും ഒരു ഫുള്‍ സെറ്റപ്പ് രാജ്യമാണ്. പിന്നെ കിളിമാനൂര്‍ രാജ്യം, ആറ്റിങ്ങല്‍ രാജ്യം, കാര്‍ത്തികപ്പള്ളി സ്വരൂപം, കരുനാഗപ്പള്ളി സ്വരൂപം, കായംകുളം രാജ്യം...

പോര്‍ച്ചുഗീസുകാര്‍ വരുന്ന കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ആണ് താഴെ കൊടുക്കുന്നത്. ഇത് തന്നെ പൂര്‍ണ്ണമാണ് എന്ന് തോന്നുന്നില്ല.ഒരു പത്തിരുപതു രാജാക്കന്മാര്‍ എങ്കിലും ലിസ്റ്റില്‍ പെടാതെ രക്ഷപെട്ടുകാണാന്‍ വഴിയുണ്ട്.

1. പെരുമ്പടപ്പു സ്വരൂപം
2. എളയടത്തു സ്വരൂപം
3. ദേശിങ്ങനാട് സ്വരൂപം
4. ആറ്റിങ്ങൽ സ്വരൂപം
5. കരുനാഗപ്പള്ളി സ്വരൂപം
6. കാർത്തികപ്പള്ളി സ്വരൂപം
7. കായംകുളം രാജവംശം
8. പുറക്കാട് രാജവംശം
9. പന്തളം രാജവംശം
10. തെക്കുംകൂർ രാജവംശം
11. വടക്കുംകൂർ ദേശം
12. പൂഞ്ഞാർ ദേശം
13. കരപ്പുറം രാജ്യം
14. അഞ്ചിക്കൈമൾ രാജ്യം
15. ഇടപ്പള്ളി സ്വരൂപം
16. പറവൂർ സ്വരൂപം
17. ആലങ്ങാട് ദേശം
18. കൊടുങ്ങല്ലൂർ രാ‍ജവംശം
19. തലപ്പിള്ളി
20. ചെങ്ങഴിനാട്
21. വള്ളുവനാട്
22. തരൂർ സ്വരൂപം
23. കൊല്ലങ്കോട് രാജ്യം
24. കവളപ്പാറ സ്വരൂപം
25. വെട്ടത്തുനാട്
26. പരപ്പനാട്
27. കുറുമ്പ്രനാട്
28. കടത്തനാട്
29. കോട്ടയം രാജവംശം
30. കുറങ്ങോത്ത് രാജ്യം
31. രണ്ടുതറ
32. അറയ്ക്കൽ രാജവംശം
33. നീലേശ്വരം രാജവംശം
34. കുമ്പള ദേശം
35. നെടുങ്ങനാട്

അതായത് ഇന്നത്തെ ഓരോ വാര്‍ഡും അന്നത്തെ ഓരോ രാജ്യങ്ങളായിരുന്നു. ഓരോ രാജാവിനും സ്വന്തം നാണയം, സ്വന്തം പട്ടാളം. തമ്മില്‍ കാണുന്നിടത്ത് വച്ച്, അടി, തല്ല്, തരവഴി (ഇതിനു യുദ്ധമെന്നാണ് പറഞ്ഞിരുന്നത്) ... കടത്തനാട് രാജാവിന്‍റെ പറമ്പില്‍ കയറി കോട്ടയം രാജാവ് തേങ്ങയിട്ടോണ്ട് പോകും ആലങ്ങോടു രാജാവിന്‍റെ കുളത്തിലിറങ്ങി കൊടുങ്ങല്ലൂര്‍ രാജ്യക്കാര്‍മീന്‍ പിടിക്കും... ഇങ്ങനെ സംഭവബഹുലമായ ദിവസങ്ങള്‍ ആയിരുന്നു. ഐക്യ രാഷ്ട്ര സഭയുടെ ബ്രാഞ്ച് ഒന്നിവിടെ കോട്ടയത്തോ ചെങ്ങന്നൂരോ തുടങ്ങിയിരുന്നേല്‍ അതിലിരിക്കാന്‍ രാജ്യങ്ങള്‍ക്ക് ഇടം തികയാതെ പോയേനെ.

ഇങ്ങനെ നാനവിധമായി കിടന്ന ഒരു ദേശത്തെ ഒരു രാഷ്ട്രം ആക്കി ഉറപ്പിച്ചു നിര്‍ത്തുന്നത് ഇവിടുത്തെ ഭരണഘടനയും ജനാധിപത്യവും ആണ്. ഒരുപാടു വൈവിധ്യങ്ങളുടെ ഇടയിലും ഇന്ത്യയുടെ ഹോമോജേനിറ്റി കാത്തു സൂക്ഷിക്കുന്നതും ഈ ഭരണഘടനയും ജനാധിപത്യവും നമുക്ക് നല്‍കിയ സ്വതന്ത്രം കൊണ്ട് മാത്രമാണ്.

ആ ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും ബഹുമാനവും വിധേയത്വവും ഉണ്ടായാല്‍രാജ്യസ്നേഹമായി എന്നാണു എന്‍റെധാരണ. അഞ്ചു വര്‍ഷം ഇവിടെഭരിക്കാന്‍ കയറുന്ന ഗവന്മേന്റിനോടോ, രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി നില കൊള്ളുന്ന സൈന്യത്തിനോടോ പൌരന്‍ എന്ന നിലയില്‍ കടപ്പാടുകള്‍ ഉണ്ടെങ്കിലും അവരോടു പൂര്‍ണ്ണ വിധേയത്വം കാണിക്കണമെന്നോ ഈ സംവിധാനങ്ങളെയൊക്കെ പൂജിക്കണം എന്നോ പറയുന്നത് രാജ്യസ്നേഹമല്ല, മറിച്ച് മുക്കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍പോകുന്നഈ രാജ്യത്തെ അപകടപ്പെടുത്താനുള്ള നീക്കങ്ങളാണ് എന്നാണു എന്‍റെ വിശ്വാസം.

അതിര്‍ത്തിയും പട്ടാളവും കൊണ്ട് മാത്രം ഒരു രാജ്യമുണ്ടാവില്ല, അങ്ങിനെയാണെങ്കില്‍ സോമാലിയയും സിറിയയും ഒക്കെ ഒന്നാം തരം രാജ്യങ്ങള്‍ ആയിതന്നെ നിന്നേനെ..

ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ ശക്തി. പല തരം വൈവിധ്യങ്ങളുടെ നടുവിലും ജനാധിപത്യം തരുന്ന സ്വതന്ത്രമാണ് നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. അത് തകര്‍ന്നാല്‍ പിന്നെ മുകളില്‍ പറഞ്ഞപോലെ ഒരുപാടു കോമാളി രാജ്യങ്ങളായി ഈ നാട് ചിഹ്നഭിന്നമാവാന്‍ രണ്ടാഴ്ച മതിയാവും.

No comments: