My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 30 July 2018

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം?

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം?

ഡോ. ജയകൃഷ്ണൻ എഴുതുന്നു....

രണ്ട് ദിവസമായി എല്ലായിടത്തും ചർച്ചകൾ പൊടി പൊടിക്കുകയാണ്. അത് ഞങ്ങളുടെ ആചാരമാണ് ആചാരമാണ് എന്ന് മാത്രം പറയുന്നു ചിലർ. എന്താണ് ആ ആചാരം എന്ന് ചോദിച്ചാൽ അവർ വ്യക്തമായ മറുപടി പറയാതെ മറ്റു മതങ്ങളുടെ കാര്യത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ വിഷയം മാറ്റും. ഒരു പക്ഷേ ഈ വലിയ വായിൽ വർത്തമാനം പറയുന്നവർക്കും കാര്യങ്ങൾ അറിയാത്തതു കൊണ്ടാകാം.
വിശ്വാസങ്ങളാകുന്ന വലിയ ഭാണ്ഡം ചുവന്നു നടക്കും, ആ ഭാണ്ഡത്തിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ചോദിച്ചവനെ അസഭ്യം പറയുകയും, ഒരിക്കൽ പോലും ആ ചോദ്യം തന്നോടു തന്നെ ചോദിച്ചു കൊണ്ട് കയ്യിലുള്ള ആ ഭാണ്ഡക്കെട്ട് ഒന്നു തുറന്നു നോക്കാൻ പോലും തയ്യാറാവാത്ത ചില ആളുകളാണ് എല്ലാ മതങ്ങളുടേയും ശാപം.
കസ്തൂരി മാൻ സുഗന്ധം തേടി നടക്കുന്നത് പോലെ പൊരുളെന്താണെന്നറിയാതെ ഓരോന്ന് ചെയ്യുമ്പോഴാണ് ആചാരം അനാചാരവും, വിശ്വാസം അന്ധ വിശ്വാസവും ആയി മാറുന്നത്.
ആ കൂട്ടത്തിൽ പെടാൻ ആഗ്രഹമില്ലാത്തതു കൊണ്ട് നേരത്തെ പറഞ്ഞ വിശ്വാസ ഭാണ്ഡം ഒന്ന് തുറന്നു നോക്കട്ടെ...

സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം... വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.
വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കിൽ *ഭക്തൻ ആദ്യം ഭഗവാനാകണം.*
41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.
*ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ* എന്ന ഒരേ പേരിലാണ് ഇവിടെ അറിയപ്പെടുന്നത്. അതിന് മാനദണ്ഡങ്ങളോ, വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. വെറും 41 ദിവസം പരിശ്രമിച്ചാൽ ആർക്കും ഭഗവാനാകാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല. അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ് എന്ന തത്വമാണ്. സന്നിധാനത്തു വെച്ച്
അയ്യപ്പ വിഗ്രഹം കാണുന്ന അയ്യപ്പന് തോന്നുകയാണ് ങേ...ഇത് ഞാൻ തന്നെ അല്ലേ എന്ന്???!!!!! അതെ അത് നീ തന്നെയാകുന്നു.
അതിനെയാണ് സംസ്കൃതത്തിൽ തത്ത്വമസി എന്ന് പറയുന്നത്.
ഈ ഒരു തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ...

അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല.
41 ദിവസം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്. (മനസ്സു വെച്ചാൽ ഭഗവാനാകാൻ വെറും 41 ദിവസം മതി )
പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താൻ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് (സാമാന്യേന) കഴിയാത്തത് കൊണ്ടാണ് അവർ ഈ സാഹസത്തിന് മുതിരാത്തത്.
അത് സ്ത്രീകളുടെ കുറവോ മറ്റേത് പുരുഷന്മാരുടെ മേന്മയോ ആണെന്ന് അതിന് അർത്ഥമില്ല.
വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത്,
"ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന " ഒരു കൊച്ചു കുട്ടിയുടെ ബാല്യ ചാപല്യങ്ങളായി മാത്രമേ കാണാൻ പറ്റൂ... പക്ഷേ ആ കുട്ടിയെ തിരുത്താൻ വേണ്ടി മറ്റുള്ളവരും ആ കുട്ടിയുടെ തലത്തിലേക്ക് അധ:പതിക്കേണ്ട ആവശ്യമില്ല. കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. ബുദ്ധി ഉള്ളവർ അത് ഉൾക്കൊണ്ടു കൊള്ളും.... അങ്ങിനെ ഒരു മനോഭാവം ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക. എല്ലാവരും വായിക്കട്ടെ എന്നിട്ട് അവരുടെ ഇഷ്ട്ടം പോലെ സ്വീകരിക്കുകയോ, തള്ളിക്കളയുകയോ ചെയ്യട്ടെ....

No comments: