Coronavirus disease 2019
കൊറോണയെ കുറിച്ച് ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞ ഡോ. ലീയോട് മരണാനന്തരം ക്ഷമ യാചിച്ച് ചൈന; ഡോക്ടർമാർക്കെതിരെ എടുത്ത നടപടി പിൻവലിച്ചു; പോലീസിന് വിമർശനം
ബെയ്ജിങ്: കൊറോണ വൈറസ് പടർത്തുന്ന പകർച്ചവ്യാധിയെ ആദ്യമായി തിരിച്ചറിഞ്ഞ് ലോകത്തിന് തന്നെ മുന്നറിയിപ്പ് നൽകിയ ഡോക്ടർമാർക്ക് എതിരെ കുറ്റം ചുമത്തിയ നടപടി പിൻവലിച്ച് ചൈന. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സർക്കാരിന് മുന്നറിയിപ്പു നൽകിയ ഡോ. ലീ വെൻലിയാങ് അതേ രോഗം ബാധിച്ച് ഫെബ്രുവരിയിൽ മരിച്ചിരുന്നു. അദ്ദേഹത്തിനെതിരേയും മുമ്പ് ചൈന കുറ്റം ചുമത്തിയിരുന്നു. ഒടുവിൽ ലീയ്ക്കും സഹപ്രവർക്കകർക്കും എതിരായ നടപടികൾ പിൻവലിച്ച് ക്ഷമാപണം നടത്തിയിരിക്കുകയാണ് അധികൃതർ.
ഡോക്ടർമാരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വുഹാൻ പോലീസ് പിൻവലിച്ചെന്ന് പാർട്ടി അച്ചടക്ക സമിതി അറിയിച്ചു. മാത്രവുമല്ല ഡോക്ടർ ലീയുടെ കുടുംബത്തിനോട് ക്ഷമാപണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയ പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. പ്രാദേശിക സീ ഫുഡ് മാർക്കറ്റില്‌നിന്നുള്ള ഏഴ് രോഗികൾ സാർസിനു സമാനമായ രോഗത്തെ തുടർന്ന് തന്റെ ആശുപത്രിയിൽ ക്വാറന്റൈനിൽ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. വുഹാന് സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. കഴിഞ്ഞവർഷം ഡിസംബറിലാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിൽ ലീ പങ്കുവെക്കുകയായിരുന്നു. ലീയ്‌ക്കൊപ്പം വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ആ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ലീ ഉൾപ്പെടെ എട്ടു ഡോക്ടർമാരാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
പങ്കുവെച്ച സന്ദേശത്തിൽ അസുഖത്തിന് കാരണം കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തിൽ നിന്ന് മനസിലാക്കാന് സാധിച്ചുവെന്നും ലീ വ്യക്തമാക്കിയിരുന്നു. കൂടാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകാനും ലീ ഗ്രൂപ്പിലെ സുഹൃത്തുക്കളോട് അഭ്യർഥിച്ചിരുന്നു.
തുടർന്ന് നിമിഷങ്ങൾക്കുള്ളില് ലീയുടെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തിൽ
നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടർന്ന് വ്യാജ വാർത്താ പ്രചരണ കുറ്റം ചുമത്തിയാണ് ലീയ്ക്ക് എതിരെ പോലീസ് കേസെടുത്തത്. എന്നാൽ അധികം വൈകും മുമ്പ് കൊവിഡ് 19 ബാധിച്ച് ലീയും മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് ലീയുടെ വാക്കുകൾ ചൈനീസ് സർക്കാർ ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ ഇന്ന് 11,000ത്തിലേറെ ജീവനുകൾ ലോകമെമ്പാടു നിന്നും നഷ്ടപ്പെടുമായിരുന്നില്ല.
No comments:
Post a Comment