ഇനി എല്ലാ വർഷങ്ങളിലും കേരളം പ്രളയഭീതിയിൽ
കളമശേരി : 2018 അഗസ്റ്റിലും 2019 അഗസ്റ്റിലും ഏകദേശം സമാന രീതിയിലുള്ള വെള്ളപ്പൊക്കമാണ് കേരളത്തിൽ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞന്മാർ ,ഒഡിഷയ്ക്ക് മുകളിലായുണ്ടായ ന്യൂനമർദ്ദമായിരുന്നു ഈ രണ്ടു വർഷങ്ങളിലും അതിതീവ്ര മഴക്ക് കാരണമാകുന്നത് .
സാധാരണയായി കേരളത്തിലെ മൺസൂൺ സമയത്തെ മഴ ഒരു ദിവസം 10 സെന്റിമീറ്റർ പരമാവധിയാണ് .
എന്നാൽ അതിതീവ്ര മഴയിൽ ഒന്നോ രണ്ടോ മണിക്കൂറിൽ 25 സെന്റിമീറ്ററിന് മുകളിൽ മഴ ഒരു പ്രദേശത്തു പെയ്യുന്നു .ഈ പ്രതിഭാസത്തെ മേഘവിസ്‌ഫോടനം അഥവാ Cloud burst എന്നു പറയും.
എന്താണ് മേഘവിസ്ഫോടനം അഥവാ Cloud burst
സാധാരണ കേരളത്തിൽ മഴമേഘങ്ങൾ രൂപപ്പെടുന്നത് ഭൗമോപരിതലത്തിൽ നിന്നും അഞ്ചു കിലോമീറ്റർ വരെ മാത്രം ഉയരത്തിലാണ് .മൺസൂൺ കാലത്ത് ജെറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കതു മനസിലാകും.അഞ്ചു കിലോമിറ്ററിനു മുകളിൽ വിമാനം സഞ്ചരിക്കുക മേഘങ്ങൾക്ക് മുകളിലായിരിക്കും.
എന്നാൽ ഈ ആഗസ്റ്റ് മാസങ്ങളിൽ (2018 ലും 2019 ലും ) കേരളത്തിൽ 12 കിലോമീറ്റർ വരെ മേഘങ്ങളുണ്ട്.ഇത് കേരളത്തിന്റെ മാത്രമായ പ്രത്യേകതകൊണ്ടാകുന്നതല്ല .
12 കിലോമീറ്റർ വരെ ഉയരത്തിലെത്തുന്ന മഴമേഘങ്ങൾ ഒന്നിച്ചു പെയ്തിറങ്ങുമ്പോഴാണ് ഏതാനും മണിക്കൂറിൽ 25 -30 സെന്റിമീറ്റർ വരെ മഴ പെയ്യുന്നത് .അപ്പോൾ മണ്ണിന്റെ ആഗീരണശക്തിയിലും കൂടുതൽ വെള്ളം പെയ്തിറങ്ങുകയും മലകളിലെ മണ്ണ് ശക്തിനഷ്ടപ്പെട്ട് ഒലിച്ചിറങ്ങി ഉരുൾപൊട്ടലുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും .
കേരളത്തിലെ എട്ടു ജില്ലകളിൽ ഇന്നലെവരെ മൂന്നുദിവസങ്ങളിൽ ഉണ്ടായത് 80 ഉരുൾപൊട്ടലാണ് .ഇത് സാധാരണ ഉരുൾപൊട്ടലല്ല മേഘ വിസ്ഫോടനം തന്നെ .
പ്രശസ്‌ത നർത്തകിയും ബോളിവുഡ് / ഹോളിവുഡ് നടൻ കബീർ ബേദിയുടെ ഭാര്യയും ,പൂജാ ബേദിയുടെ അമ്മയുമായ പ്രൊതിമ ബേദി തന്റെ 49 ആം വയസിൽ1998 ആഗസ്റ്റ് 18 നു കൈലാഷ് -മാനസരോവർ യാത്രയിൽ മരണപ്പെട്ടതും ഇതുപോലൊരു മേഘ വിസ്ഫോടനഫലമായാണ്.
അതായത് മൺസൂണിൽ പ്രത്യേകിച്ചും ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ മേഘവിസ്ഫോടങ്ങൾ ഉണ്ടാകാറുണ്ടെന്ന് ചുരുക്കം .
പസഫിക്ക് സമുദ്രത്തിലെ ഉഷ്‌ണജലപ്രവാഹം ഭൂമധ്യരേഖയ്ക്ക് സമാനമായി കിഴക്കോട്ട് യാത്രചെയ്ത് മറ്റു സമുദ്രങ്ങളിലെ ശീതജല പ്രവാഹവുമായി കൂട്ടിമുട്ടി ജലം ബാഷ്‌പീകരിച്ചു മഴമേഘങ്ങൾ ഉണ്ടാകുന്നതാണ് മൺസൂൺ .
അനേകായിരം കിലോമീറ്റർ യാത്ര ചെയ്തെത്തുന്ന മേഘങ്ങൾ കേരളതീരം കടന്ന് പശ്ചിമ ഘട്ടത്തിൽ തട്ടി കുളിർമ്മയോടെ മഴയായി രൂപപ്പെട്ടതാണ് കേരളത്തിലെ മഴയും തത്ഫലമായി നാം കാണുന്ന പുഴകളും കായലുകളും ഈ ഹരിതാഭയും.
അതായത് പസഫിക് സമുദ്രത്തിലെയും അറ്റ്ലാന്റിക്കിലെയും വെള്ളമൊക്കെയാണ് മൺസൂൺ കാലത്ത് നമുക്കിവിടെ മഴയായി കിട്ടുന്നതെന്ന് ചുരുക്കം.അതുകൊണ്ടുതന്നെയാണ് God’s own Country എന്ന സംബോധന കേരളത്തിന് എല്ലാ വിധത്തിലും ചേരുന്നതും.
നമുക്ക് ലഭ്യമായ ജൈവവൈവിധ്യത്തിന് കാരണം ഈ മൺസൂൺ തന്നെ .
2018 ലെ മഹാപ്രളയത്തിന് മുമ്പ് കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ടു മഹാപ്രളയങ്ങളാണ് AD 1345 ഉം AD 1921 ഉം.സഹസ്രാബ്ദങ്ങൾ ഇന്ത്യയുടെ വ്യവസായ തുറമുഖമായ കൊടുങ്ങലൂർ ഇല്ലാതാകുന്നതും കൊച്ചി രൂപപ്പെടുന്നതും 1345 ലെ മഹാപ്രളയയത്തിലാണെന്ന് പറയപ്പെടുന്നു .ആലുവാപ്പുഴ രണ്ടായതും .
മേഘവിസ്‌ഫോടനം അതിരൂക്ഷമാകാനുള്ള പ്രധാന കാരണം ആഗോള താപനമാണ്.ലോകത്തെവിടെ ആഗോളതാപനമുണ്ടായാലും കൂടുതൽ മഴമേഘങ്ങൾ ഉണ്ടാകുകയും കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടാകുകയും ചെയ്യും .
കേരളത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം കേരളത്തിലെ ക്വാറികളാണ് .യാതൊരു തത്വദീക്ഷയുമില്ലാത്ത ക്വാറി ഖനനം കുറച്ചുപേരെ അതിസമ്പന്നരാക്കുന്നുണ്ട് .പക്ഷേ ഓരോ പാറമട ഖനനവും ആ പാറമടയിൽ നിന്നും 20 കിലോമീറ്റർ വരെ മണ്ണിന്റെ ബലത്തെ ബാധിക്കും .മഴവെള്ളം ശക്തിയാകുമ്പോൾ ഈ ബലം നഷ്ടപ്പെട്ട മണ്ണ് പൊട്ടിയൊലിച്ചു ഉരുൾപൊട്ടലുകൾ സൃഷ്ടിക്കുന്നു.
മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിനെ കുറ്റം പറഞ്ഞ ഒരു സമൂഹമാണ് നാം.ഗാഡ്‌ഗിൽ റിപ്പോർട്ടിലെ 20 ആം പേജിൽ പറയുന്ന അതീവ ലോല പ്രദേശങ്ങളിൽ തന്നെയാണ് കഴിഞ്ഞ വർഷവും ഈ വർഷവും ഉരുൾ പൊട്ടിയതെന്ന് ശ്രദ്ധിക്കുക .
ഗാഡ്‌ഗിലിനെ എറിയാനെടുത്ത കല്ലുകൾ താഴെയിടുക.ദൈവമായി നൽകിയ പറുദീസയെ നരകമാക്കുന്നത് നമ്മൾ തന്നെയാണ് .ഓരോ മലയാളിയും പ്രകൃതി സമ്പത്തിന്റെ ചൂഷണവും വിനിയോഗവും ആലോചിച്ചു ചെയ്യുക .അതേയുള്ളൂ ഈ പ്രളയത്തെ അതിജീവിക്കാനുള്ള മാർഗം.
കൂടുതൽ ശാസ്ത്രീയ ലേഖനങ്ങൾ തുടരും
(സിറിയക് സെബാസ്റ്റ്യൻ )
No comments:
Post a Comment