എൻറെ ജന്മനാട് പാണ്ടനാട് മഹാ പ്രളയത്തിൽനിന്നും കരകയറാനുള്ള ശ്രമത്തിലാണ്. നാട്ടിൽ അങ്ങോളമിങ്ങോലും യാത്രയിൽകണ്ട യാതനകൾ എവിടെയോ ആർക്കോ എന്തൊക്കെയോ പിഴവുപറ്റിയിരിക്കുന്നു എന്ന ചിന്തയുടെ വിത്തുകൾ പാകി.
ഞാൻ സാം ഐസക് , കഴിഞ്ഞ രണ്ടു ദശാബ്ദമായി വ്യോമയാനമേഖലയിൽ ജോലിചെയ്യുന്നു. ഒരുദിവസം ലോകത്താകമാനം ഏതാണ്ട് 3 ലക്ഷത്തിലധികം ഫ്ലൈറ്റ്കൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്, മറ്റെല്ലാ യാത്രാ വാഹനത്തിലെന്നപോലെ , കണക്കുകളനുസരിച്ചു ഏതാണ്ട് 12 മില്ലിയൻ ഫ്ലൈറ്റുകൾ ഓപ്പറേറ്റു ചെയ്യുന്നതിൽ ഒരു ഫ്ലൈറ്റ് അപകടത്തിൽ പെടാറുണ്ട്, അതനുസരിച്ചുള്ള ജീവഹാനിയും. ഇതിലെ അപകടനിരക്കു ദിനംപ്രതി ഇരുചക്രവാഹനങ്ങൾ മൂലമുണ്ടാവുന്ന അപകടങ്ങളെക്കാൾ തുലോം കുറവാണ്. എങ്കിലും എല്ലാ വിമാന കമ്പനികളും നിര്ബദ്ധമായി പാലിക്കേണ്ട സേഫ്റ്റി പ്രോസിജിയറുകൾ വളരെ വ്യകതമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് , ഒരു വിമാന അപകടം നടന്നാൽ ഏറ്റവും അടുത്ത ആശുപതി എവിടെയാണ് ? പൊള്ളലുകൾ ചകില്സിക്കാൻ എവിടെ കൊണ്ടുപോവണം ?, മാധ്യമങ്ങളെ എങ്ങനെ വിവരം അറിയിക്കണം , അപകടസ്ഥലത്തേക്കു ആരൊക്കെ ആദ്യംപോവണം, ബന്ധുക്കളെത്തിയാൽ എവിടെ പാർപ്പിക്കണം എന്നുതുടങ്ങി 100 കണക്കിനു കാര്യങ്ങൾ അത്തരം എമർജൻസി പ്രോസെജുർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്, തന്നെയുമല്ല ഓരോ ടാസ്കുകൾക്കും ആരാണ് നേതൃത്ത്വം കൊടുക്കുന്നത് , അവരുടെ ഉത്തരവാദിത്വങ്ങളും എന്നവിഷയും അതിനുള്ള ട്രെയിനിങ്ങുകളും സമയാസമയങ്ങളിൽ നടത്താറുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു സംഭവം നടക്കുമ്പോൾ വളരെ കൃത്യമായി ഓരോകാര്യങ്ങളും സമയവിളംബം കൂടാതെ ചെയ്യുവാൻ സാധിക്കുന്നു.
മേല്പറഞ്ഞ ഉദാഹരണംപോലെ സാമാന്യം ജനസാന്ദ്രത ഏറിയ കേരളംപോലെയുള്ള ഒരു സ്ഥലത്തു മഹാപ്രളയംപോലെയുള്ള ഒരു ദുരന്തം നേരിട്ടാൽ അല്പംകൂടി തയ്യാറെടുപ്പോടെ കാര്യങ്ങൾ ചെയ്‌താൽ അതിൻറെ കാഠിന്യവും അതോടൊപ്പം വിമർശനവും ഒഴിവാക്കി പോവാൻ സാധിക്കില്ലേ ? ചില നിർദ്ദേശങ്ങൾ !
- സിവിൽ സർവീസസ് അക്കാഡമിയിൽ ക്രൈസിസ് മാനേജ്‌മന്റ് ട്രെയിനിങ് നടത്തുന്നതുപോലെ , താഴെത്തട്ടിൽ വില്ലജ് ഓഫീസർ , ജനപ്രതിനിധികൾ , സാമൂഹികപ്രവർത്തകർ തുടങ്ങിയവർക്കും ഇത്തരത്തിലുള്ള ട്രെയിനിങ് നിർബന്ധമായും നടത്തുക.
- ഒരുപ്രദേശത്തു ജലപ്രളയംപോലെയുള്ള ആപത്തുകൾ വരുമ്പോൾ ഓരോ വാർഡ് തലത്തിൽ ആൾക്കാരെ മാറ്റിപാർപ്പിക്കാനുള്ള സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തി, ആ ഇടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കുക. ഓരോ വാർഡിലുള്ളവർ / പ്രദേശത്തുള്ളവർ ഒരു ക്യാമ്പിൽ ആവുമ്പോൾ സ്വാന്തനവും പരസ്പരസഹകരണവും വര്ധിക്കുന്നതോടൊപ്പം , പുറത്തുള്ള ബന്ധുക്കൾക്ക് ബന്ധപ്പെടേണ്ട സ്ഥലത്തെപ്പറ്റി ക്ര്യത്യമായ അറിവുണ്ടാവുമ്പോൾ അനാവശ്യ വ്യഥകളും ഒഴിവാക്കാം.
- തിരഞ്ഞെടുത്ത സുരക്ഷിത സ്ഥാനങ്ങൾക്ക് ( സ്‌കൂളുകൾ , പള്ളികൾ , കമ്മ്യൂണിറ്റിഹാൾ , പൊതുസ്ഥാപങ്ങൾ തുടങ്ങിയവ ) ഏതു സമയവും ഇത്തരത്തിലുള്ള എമെർജൻസികൾ നേരിടാനുള്ള ഭദ്രതയുണ്ടെന്നു ഉറപ്പുവരുത്തുക. അവരുടെ സന്മനസിനുപകരമായി സർക്കാരിൽനിന്നും എന്തെങ്കിലും ഒരു ഗ്രാൻഡ് നല്കുകയുമാവാം ( ഈ തുക പ്രദേശവാസികളിൽനിന്നും നികുതിയായി പിരിച്ചുകൊൾക ). ഉദാഹരണത്തിന് ജനറേറ്റർ , ശോച്യാലയങ്ങൾ , ആഹാരം പാകംചെയ്യാനുള്ള സൗകര്യങ്ങൾ , വാർത്താവിനിമയത്തിനുള്ള സംവിധാനം, രോഗികൾക്ക് വൈദ്യസഹായം , പുറത്തുനിന്നും സാധനസാമഗ്രികൾ എത്തിക്കാനായി ഹെലിപാഡ് പോലെയുള്ള സൗകര്യങ്ങൾ തുടങ്ങിയവ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാനുള്ള സംവിധാനം.
- സമയാസമയങ്ങളിൽ നൽകാറുള്ള സേഫ്റ്റി അലെർട്ടുകൾ പൊതുജനങ്ങളിലേക്കു എത്തിക്കുവാൻ വാർഡുതലത്തിലുള്ള സംവിധാനം, അതിൽ വാർഡുമെമ്പർ , പൊതുപ്രവർത്തകർ തുടങ്ങിയവരുടെ പങ്ക് എന്നിവയെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവണം.
- വാർഡുതലത്തിൽ സന്നദ്ധസേവകരുടെ സംഘം രൂപീകരിക്കുക, അതിൽ സാമൂഹിക - മത സ്ഥാപങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുക. ഇത്തരത്തിൽ സമൂഹത്തിൽ ഒരു ഐക്യം ഉറപ്പാക്കാൻ സാധിക്കും.
- ഓരോപ്രദേശത്തും റോഡുകൾ ഉള്ളതുപോലെ വെള്ളപ്പൊക്കസമയത്തു യാത്രചെയ്യുവാൻ ജലപാതകൾ രൂപകൽപന ചെയ്യണം. നിര്ദേശിക്കപ്പെടുന്ന ജലപാതയ്ക്കുള്ളിൽ പരിമിതമായ നിര്മാണ/കൃഷി പ്രവർത്തികൾ മാത്രം അനുവദിക്കുക. അതിനുള്ളിൽവരുന്ന കനാലുകൾ പോലെയുള്ള തടസ്സങ്ങൾ ഒഴിവാക്കി ബദൽസംവിധാനം കണ്ടെത്തണം.ജലപാത ക്രമീകരണം മൂലമുണ്ടാവുന്ന വ്യക്തിഗത നഷ്ടങ്ങൾക്കു സ്ഥലഉടമകൾക്കു ഒരുചെറിയ നഷ്ടപരിഹാരം ആവാം. ഉദാഹരണത്തിന് ചെങ്ങന്നൂരിൽനിന്നും പാണ്ടനാട് ഭാഗത്തേക്ക് ജലമാർഗം പ്രവേശിക്കാനുള്ള മുഖ്യതടസ്സമാണ് കിളിയന്തറ PIP കനാൽ.
- സുരക്ഷിതസ്ഥാനങ്ങളിൽ ഉപയോഗിക്കാനായി കമ്പ്യൂട്ടർ സോഫ്ട്‍വെയർ രൂപകൽപന ചെയ്യണം. അതിൽ പ്രദേശവാസികളുടെ ഡേറ്റാബേസ് സൂക്ഷിക്കുക, അവരുടെ ആരോഗ്യ പരമായ കാര്യങ്ങൾ തുടങ്ങിയവയും അതോടൊപ്പം രേഖപ്പെടുത്തണം ( ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ , പ്രായമായവർ തുടങ്ങിയവ ). ഇക്കാര്യങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിച്ചു എന്തെകിലും പ്രത്ത്യേകതരത്തിലുള്ള ആരോഗ്യ , സെക്യൂരിറ്റി സംവിധാനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുവാൻ ഉതകും.
- പഞ്ചായത്തുംതോറും സാറ്റലൈറ്റ് ഫോൺ/ വയർലെസ്സ് സംവിധാനമെത്തിക്കുക. ഇക്കഴിഞ്ഞ പ്രളയത്തിൽ വാർത്താവിനിമയങ്ങൾ ഇല്ലാത്തതുകൊണ്ട് പകുതിയിലധികം വിഭവ ഉപയാഗം ശാസ്ത്രീയമായി നടത്താൻ സാധിച്ചിട്ടില്ല, തന്മൂലം ജീവനും സ്വത്തിനും വൻപിച്ച നഷ്ടം നേരിടേണ്ടിവന്നു.
- പുറത്തുനിന്നും എത്തുന്ന രക്ഷാപ്രവർത്തകരുടെ പ്രവർത്തനത്തെ ഏകോപിക്കുവാനും , പ്രാദേശിക സഹായത്തിനുമായും പ്രാദേശിക വോളണ്ടിയറന്മാരെ ഉപയോഗിക്കുക.
- ഏറ്റവും കുറഞ്ഞത് വർഷത്തിൽ ഒരുപ്രാവശ്യമെങ്കിലും പ്രാദേശികതലത്തിൽ "മോക് ഡ്രിൽ " നടത്തുക, അതിലെ വീഴ്ചകൾ നിരീക്ഷിച്ചു സംസ്ഥാന തലത്തിൽ അവലോകനം ചെയ്യുക.
മേല്പറഞ്ഞ ഒരുകാര്യവും സർക്കാരിന് വലിയ സാമ്പത്തികചിലവില്ലാത്ത കാര്യമാണ് , മഹാപ്രളയത്തിൻറെ അനുഭവങ്ങൾ ഉൾക്കൊണ്ടു ജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാവും. സർക്കാർ സംവിധാനത്തിന് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഉൾകൊള്ളാൻ ബുദ്ധിമുട്ടെങ്കിൽ , നാട്ടിലെ സാമൂഹിക -മത സംഘടനകൾ ഈ കാര്യങ്ങൾ ഏറ്റെടുക്കണം ...
ഇനി ഒരു മഹാ പ്രളയത്തിനായി കാത്തിരിക്കാതെ , സജ്ജരാകാം നമുക്ക് . ജയ് ഹിന്ദ് !
( ഇന്ന് രാവിലെ കേട്ട ഒരു കവിതയുടെ ചിലവരികൾ കൂടെ കുറിച്ച് അവസാനിപ്പിക്കട്ടെ ! )
മഴ ചതിച്ചാലും , മല ഇടിഞ്ഞാലും
മലപോലെ നിവർന്നുനിൽക്കുമെൻ മലയാളം
എൻറെ മലയാളം !
#keralaflood , #pinarayivijayan, #thomasissac #drthomasissac #alappuzhacollector #ndrf #cmrfkerala , #josephcmathew , #nkpremachandran #chengannurmla #sajicherianmla #asianetnews #mathrubhoominews #mmtv #malayalamanorama
No comments:
Post a Comment