ഇന്ന് ആഷാഢമാസത്തിലെ പൗര്‍ണമി. ഗുരുപൂര്‍ണിമ. ജീവിതത്തില്‍ ഗുരുവിന്റെ സ്ഥാനം എന്താണ്? സംസ്‌കൃത ഭാഷയിലെ 'ഗുരു' എന്ന വാക്കിന് 'അന്ധകാരത്തെ അകറ്റുന്നവന്‍' എന്നാണ് അര്‍ത്ഥം. അറിവ് കാംക്ഷിക്കുന്നവനെ അജ്ഞാനമാകുന്ന അന്ധകാരത്തില്‍നിന്ന് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് ഗുരു. ഒരു കാലത്ത് നമ്മുടെ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായിരുന്നു ഗുരുപൂര്‍ണ്ണിമ. ജാതിമതഭേദമെന്യെ ഏവരും ഈ ദിനം ആഘോഷിച്ചു. എന്തുകൊണ്ടെന്നാല്‍ ഇവിടെ സ്വത്തും പണവും ആയിരുന്നില്ല മറിച്ച് അറിവും അറിവിന്റെ മാര്‍ഗ്ഗങ്ങളുമായിരുന്നു ഏറ്റവും പ്രധാനമായി കണക്കാക്കപ്പെട്ടിരുന്നത്. ആയതിനാല്‍ത്തന്നെ അറിവു പകര്‍ന്നു നല്‍കുവാന്‍ കഴിവുള്ള ഗുരു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് വിരാജിച്ചിരുന്നത്. ഗുരു എന്ന വാക്കുതന്നെ അതിന്റെ പ്രാധാന്യം കാണിക്കുന്നുണ്ടല്ലൊ. 'ഗു' എന്നാല്‍ അന്ധകാരം; 'രു' എന്നാല്‍ നശിപ്പിക്കുന്നവന്‍. അന്ധകാരത്തെ നശിപ്പിക്കുന്നവനാണ് ഗുരു. ഈ അന്ധകാരത്തെ എങ്ങിനെയാണ് നശിപ്പിക്കേണ്ടത്? അന്ധകാരമെന്നാല്‍ നമുക്ക് ചവുട്ടി പുറത്താക്കാന്‍ പറ്റുന്ന ഒരു വസ്തുവല്ല. വെളിച്ചത്തിന്റെ അഭാവമത്രേ അന്ധകാരം. നിങ്ങള്‍ ഒരു ഇരുട്ടുമുറിയിലാണെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും തന്നെ കാണുവാന്‍ സാധിക്കുകയില്ല - ഇത് നിങ്ങളെ പരിഭ്രമിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും. വെളിച്ചം തെളിഞ്ഞാല്‍ ഈ വിഷമങ്ങളൊക്കെ മാറി. നിങ്ങള്‍ക്ക് ചുറ്റുമുള്ളതൊന്നും വാസ്തവത്തില്‍ മാറിയിട്ടില്ല. പക്ഷെ അവയെ കാണാമെന്നതുകൊണ്ട് നിങ്ങളുടെ ലോകം തന്നെ മാറിയതായി തോന്നിക്കുന്നു.
ഇതു തന്നെയാണ് ഒരു ഗുരുവും ചെയ്യുന്നത് - വസ്തുക്കളെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണൂവാന്‍ സഹായിക്കുക. ഇത് സാധ്യമായാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറിപ്പോകാം. മാറ്റങ്ങള്‍ വരുത്തുവാന്‍ നാം ശ്രമിക്കേണ്ടതില്ല. എന്തെന്നാല്‍ ഉള്ളതിനെ ഒന്നിനെയും ഇല്ലാതാക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. മാനസികമായതിനെയും ശാരീരികമായതിനെയും സാമൂഹികമായതിനെയും മാറ്റാം പക്ഷെ അസ്ഥിത്വമുള്ള ഒന്നിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്നിരുന്നാലും യഥാര്‍ത്ഥ രൂപത്തില്‍ വസ്തുക്കളെ കാണാന്‍ സാധിച്ചാല്‍ ഏതു കാര്യവും മാറ്റത്തിനു വിധേയമാക്കാം.
എല്ലാ ഗുരുക്കൻമാർക്കും പ്രണാമം
No comments:
Post a Comment