ജനുവരി 12 ദേശീയ യുവജനദിനം
സ്വാമി വിവേകാനന്ദന്റെ ജന്മദിനം
കേവലം മുപ്പത്തിയൊമ്പതു വര്‍ഷത്തെ ജീവിത സാന്നിദ്ധ്യം കൊണ്ട് ധിഷണയില്‍ തീ വിതറി, അദ്ധ്വാനത്തെയും കര്‍മ്മശേഷിയെയും ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചിന്താധാരയായിരുന്നു അദ്ദേഹം ലോകത്തിനു നല്‍കിയത്.
''നമുക്കെല്ലാവര്‍ക്കും കഠിനമായി പ്രയത്നിക്കാം. ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവി ഭാരതത്തിന്‍റെ ക്ഷേമം നമ്മുടെ യത്നത്തെ ആശ്രയിച്ചിരിക്കുന്നു. ഭാരതം നമ്മെ കാത്തുനില്‍ക്കുന്നു ഉണരുക . എഴുന്നേല്‍ക്കുക . നമുക്ക് നമ്മുടെ മാതൃഭുമിയെ മഹനീയമായ സ്വന്തം സിംഹാസനത്തില്‍ ഇരുത്താം ”
നൂറ്റാണ്ടുകള്‍ എത്ര പിന്നിട്ടാലും ലോകം നിലനില്‍ക്കുമെങ്കില്‍ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളും നിലനില്‍ക്കുക തന്നെ ചെയ്യും. അക്കാലത്തും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും കാലിക പ്രസക്തി ഉണ്ടാവുകയും ചെയ്യും.
ഒരാള്‍ ഭൂമിയില്‍ എത്രകാലം ജീവിച്ചു എന്നതല്ല മറിച്ച് അയാള്‍ ലോകത്തിന് എന്തു പകര്‍ന്നു നല്‍കി എന്നതിലൂടെയായിരിക്കും അയാളുടെ മഹത്വം വെളിവാകുന്നത്. മുപ്പത്തിയൊന്‍പതര വര്‍ഷത്തെ ജീവിതംകൊണ്ട് ലോകത്തെ വലിയ വിഭാഗം ജനതയുടെ ചിന്താധാരകളെ മാറ്റി മറിക്കാന്‍ കഴിഞ്ഞു എന്നതാണ് വിവേകാനന്ദ സ്വാമികളുടെ മഹത്വം.
ആത്മീയ ചിന്തകളുടേയോ മതചിന്തകളുടേയോ പേരില്‍ കുരുക്കിയിടപ്പെട്ടതായിരുന്നില്ല സ്വാമിയുടെ ജീവിതം. തികഞ്ഞ ആത്മീയതയില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ സമൂഹത്തിലെ മുഴുവന്‍ പുഴുക്കുത്തുകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ലോകത്ത് യുവജനങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളില്‍ ഒരാളുമായിരുന്നു വിവേകാനന്ദ സ്വാമികള്‍. യുവത്വത്തിന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ദിശാബോധം നല്‍കുന്നതിനും വിവേകാനന്ദ സൂക്തങ്ങള്‍ എന്നും പ്രചോദനമാണ്.
ഭാരതീയ യുവത്വത്തിന് സ്‌നേഹത്തിന്റേയും അറിവിന്റേയും, കര്‍മ്മത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ തുറന്നുനല്‍കിയ ഗുരുവാണ് സ്വാമി വിവേകാനന്ദന്‍.
ഭാരതത്തിന്റെ പ്രാചീന സന്യാസ പരമ്പരകളേയും സനാതന ധര്‍മ്മത്തേയും ഏറെ ശ്രേഷ്‌ഠമായി കാണുന്ന വ്യക്തിയായിരുന്നു വിവേകാനനന്ദ സ്വാമികള്‍.
കടുത്ത ഭൗതികവാദവും പുരോഗമനവും പറഞ്ഞ് ആത്മീയ ചിന്തകളേയും ആത്മീയാചാര്യന്‍മാരേയും സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കുന്ന സംഘടനകള്‍ക്കു പോലും ഇന്ന് ആളെകൂട്ടണമെങ്കില്‍ ആത്മീയ വാദത്തിന്റെ വക്തവായ സ്വാമിയുടെ ചിത്രങ്ങള്‍ കൂടിയേതീരു എന്ന അവസ്ഥ വന്നിരിക്കുന്നു. ഇനി അല്‌പംകൂടി കടന്ന് വിഗ്രഹാരാധനയേയും ബഹുദൈവ വിശ്വാസത്തേയും എതിര്‍ക്കുന്ന ചില മതസംഘടനകള്‍പോലും അവരുടെ പ്രചാരണ ഉപാധികളില്‍ സ്വാമിയുടെ ചിത്രങ്ങള്‍ ഉൾപ്പെടുത്തുന്നു. ഇതില്‍നിന്നെല്ലാം വ്യക്തമാക്കുന്നത് സ്വാമിയുടെ സമൂഹത്തിലുള്ള സാധീന ശക്തിയാണ്.
ആത്മീയവാദികളും ഭൗതികവാദികളും ഒപ്പം സെമറ്റിക്‌മതങ്ങളും ഒരാളെ ഒരുപോലെ അംഗീകരിക്കുന്നുവെങ്കില്‍, അയാളിലൂടെ പുതുവിപ്ലവത്തിന്റെ നാമ്പുകള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍, അയാള്‍ മനുഷ്യമനസ്സുകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഇത്തരത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെടാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല.
മതസ്‌പര്‍ദ്ധയും, വിശ്വാസത്തിന്റെ വാണിജ്യ വത്‌കരണവും, കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണവും, മനുഷ്യലെ മൃഗീയതയും എല്ലാമെല്ലാം സമീപകാല ലോകത്തിന്റെ നേര്‍കാഴ്‌ചകള്‍.. വിവേകാനന്ദ സ്വാമിയുടെ സൂക്തങ്ങളും ദര്‍ശനങ്ങളും പ്രാവര്‍ത്തികമാക്കുക എന്നത് മാത്രമാണ് ഇവയ്‌ക്കെല്ലാമുള്ള പരിഹാരം. അതുകൊണ്ട് തന്നെ ഫ്‌ളക്‌സുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും വിവേകാന്ദ സ്വാമികളുടെ ചിത്രങ്ങള്‍ എടുത്തു മാറ്റി അവ സ്വന്തം ഹൃദയങ്ങളില്‍ പതിപ്പിക്കുവാനും അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാനും എല്ലാവരും ശ്രമിക്കുകയാണങ്കില്‍ നാടു നേരിടുന്ന ഒരുവിധ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment