നാടു വേണ്ടാ “കാനഡ” മതി....”കാനഡ”യിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഒന്ന് “കാണഡോ”
പ്ലസ്സ് ടു കഴിഞ്ഞാൽ കാനഡയിലേക്ക് പറക്കണം... ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ്; അത് കടമെടുത്തിട്ടായാലും കിടപാടം വിറ്റിട്ടായാലും ശരി! കുടുംബത്തിന്റെ സ്റ്റാറ്റസ് ഇഷ്യൂ കൂടിയാണിത്.
കാനഡ പോലുള്ള സ്വപ്നസുന്ദരമായ രാജ്യത്തു വന്നു, വിദ്യാഭ്യാസം നേടി "ഡോളേഴ്‌സിൽ" പണം സമ്പാദിച്ചു സുഖമായി ജീവിക്കാം എന്ന സുന്ദരമായ സ്വപ്നവും പേറി വരുന്ന കുരുന്നുകൾ ഇപ്പോൾ നേരിടുന്ന കഷ്ടപ്പാടുകൾ കണ്ടാൽ പണ്ടാരോ പറഞ്ഞപോലെ "പെറ്റ തള്ള സഹിക്കില്ല".കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു നേർകാഴ്ച ഇവിടെ പങ്കുവെക്കുന്നു.നോർത്ത് ബേയിൽ (ഒന്റാരിയോ പ്രൊവഇൻസിന്റെ വടക്കു ഭാഗത്തുള്ള സ്ഥലം) ഉള്ള ഒരു കോളേജിൽ പുതുതായി വന്ന ഇന്റർനാഷണൽ വിദ്യാർഥികൾ കുറച്ചു ദിവസങ്ങളായി അന്തിയുറങ്ങിയതു ഫൂട്ട് പാത്തിൽ കെട്ടിയ ടെന്റുകളിൽ ആണത്രേ..കാരണം താമസസൗകര്യങ്ങൾ കിട്ടാനില്ല!ഇപ്പോൾ പതിയെ ശൈത്യകാലമാവുകയും പതുക്കെ മൈനസ് ഡിഗ്രികളിൽ താപനിലയാവുകയും ചെയ്യും.
ഇതിനും മാത്രം ഇവിടെ ഓടിയെത്താൻ കാനഡയിൽ എന്താണുള്ളത്? ഈ നിരപരാധികളെ എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാണ് വിദേശ ഉപരിപഠന ഏജൻസികൾ ഇങ്ങോട്ടേക്കു കയറ്റി വിടുന്നത്?
പഠനത്തോടൊപ്പം ജോലി (അതും 40 മണിക്കൂറോളം); മണിക്കൂറിൽ കുറഞ്ഞത് പതിനഞ്ചു കനേഡിയൻ ഡോളർ!!! അതായത് ഇന്ത്യൻ രൂപ തൊള്ളായിരത്തി ചിൽവാനം ഒരു മണിക്കൂറിൽ സമ്പാദിക്കാമെന്നർത്ഥം. ഇത് കേട്ടാൽ ഏതൊരു മലയാളിയുടെയും മനസ്സിൽ ഒരു ലഡ്ഡു പൊട്ടില്ലേ? ഇവിടെ എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പല ഏജൻസികളും 100 ശതമാനം ജോലി ഉറപ്പു വാഗ്ദാനം ചെയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ 40 പോയിട്ട് 5 മണിക്കൂറു പോലും ജോലി കിട്ടുക ബുദ്ധിമുട്ടായിരിക്കയാണ് . കാനഡയിൽ ഉപരിപഠനം രണ്ടു തലങ്ങളിൽ ആണ് ഉള്ളത് - ട്രേഡ് സ്കൂൾ എന്ന് ഇവിടങ്ങളിൽ ഉള്ളവർ പറയുന്ന കമ്മ്യൂണിറ്റി കോളേജുകലും അതിലും ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള യൂണിവേഴ്സിറ്റികളും. കോളേജ് പഠനം ഭൂരിഭാഗവും ഒന്ന് രണ്ടു കൊല്ലത്തെ ഡിപ്ലോമകളും ചില ഡിഗ്രികളും നൽകും. അത് ഭേദപ്പെട്ട ഒരു ജോലി സമ്പാദിക്കാൻ മതിയാകും.എന്നാൽ ഇവിടുത്തെ യൂണിവേഴ്സിറ്റികൾ നാട്ടിലെത്തിൽ നിന്നും വ്യത്യസ്തമാണ്. നാട്ടിൽ അംഗീകൃത കോളേജുകൾ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ കീഴിൽ ആയിരിക്കും. എന്നാൽ ഇവിടെ യൂണിവേഴ്സിറ്റികളും കോളേജുകളും രണ്ടു വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. യൂണിവേഴ്സിറ്റികളിൽ ഉയർന്ന തലത്തിലുള്ള അക്കാഡമിക് വിദ്യാഭ്യാസം നൽകുന്നു. എന്നാൽ ഈ വിദേശ പഠന ഏജൻസികൾ പലപ്പോഴും ഇവിടുത്തെ കോളേജുകളെ യൂണിവേഴ്സിറ്റികൾ ആയിട്ടാണ് നമ്മുടെ നാട്ടിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ കൊല്ലം നാട്ടിൽ പോയപ്പോൾ വഴിയോരത്തു "കാനഡയിലെ Lambton യൂണിവേഴ്സിറ്റിയിൽ പഠനത്തോടപ്പം ജോലിയും" എന്ന വാഗ്ദാനമായിട്ടുള്ള ഒരു ഫ്ളക്സ് ഞാൻ കണ്ടു..പകച്ചു പോയി എന്റെ ബാല്യം. Lambton ഒരു കോളേജ് ആണ് യൂണിവേഴ്സിറ്റി അല്ല; അതും ഒരു ചെറിയ നാല് നില കെട്ടിടം മാത്രമാണ് ടോറോട്ടോ നഗരത്തിൽ ഉള്ളത്! നാട്ടിലെ വലിയ യൂണിവേഴ്സിറ്റി ക്യാമ്പസുകൾ പ്രതീക്ഷിച്ചു വരുന്ന പല വിദ്യാർഥികളും താൻ ചേർന്ന കോളേജിന് പറയാൻ മാത്രമുള്ള ഒരു ക്യാമ്പസ് പോലും ഇവിടില്ല എന്ന് മനസ്സിലാക്കുന്നത് ഇവിടെ എത്തിയതിനു ശേഷമാണ്. യൂണിവേഴ്സിറ്റികളായാലും കോളേജുകളായാലും വിദേശ വിദ്യാർഥികളിൽ നിന്ന് ഇവിടുത്തെ (ഡൊമസ്റ്റിക്) വിദ്യാർഥികളെക്കാളും നാലഞ്ചു മടങ്ങു കൂടുതലാണ് ഫീസ് ഈടാക്കുന്നത്; അതും നാട്ടിലെ ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറം.അത് തന്നെ ആണ് ഈ കോളേജുകളുടെയും മറ്റും പ്രധാന വരുമാനം. അത് കൂടാതെ ഇടനിലക്കാരായ ഏജൻസികൾക്കു പിന്നെ വേറെയും തുക കൊടുക്കണം; വിസ മുതലായ ചിലവുകൾ വേറെ. പറമ്പും പുരയിടവും മറ്റും വിറ്റും പണയം വെച്ചും ലോൺ എടുത്തും ഇവിടെ സ്വപ്നസാക്ഷാത്കാരത്തിനെത്തുന്ന ഈ പിള്ളേരുടെ അവസ്ഥയോ മുൻപ് പറഞ്ഞതിൽ നിന്നും തെല്ലും വ്യത്യസ്തമല്ലതാനും.
അഡ്മിഷൻ കിട്ടിയാൽ നാട്ടിൽ നിന്ന് തന്നെ സാമാന്യം വലിയ ഒരു തുക "GIC" (നാട്ടിലെ പിൻവലിക്കാവുന്ന ഒരു ഫിക്സഡ് ടെപോസിറ്റ് പോലെ) ആയിട്ട് ഇവിടുത്തെ ബാങ്കിൽ നിക്ഷേപിക്കണം. ഈ തുകയിൽ നിന്ന് മാസാമാസം ഒരു നിശിചിത സംഖ്യാ പിൻവലിച്ചു ഇവരുടെ ഫീസ് ഉൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കു അതുപയോഗിക്കും. എന്നാൽ മറ്റുചിലവുകൾക്കായി എന്ത് തന്നെ ആയാലും പാർട്ട് ടൈം ജോലി ചെയ്തു സമ്പാദിച്ചേ മതിയാകൂ. ഏജൻസികളും മറ്റും ഗ്യാരണ്ടി ചെയ്യുന്ന ജോലി ഇപ്പോൾ ഉറപ്പില്ലതാനും. കോറോണക്ക് ശേഷം ലോകമെമ്പാടും പോലെ ഇവിടെയും ഭക്ഷണത്തിനും നിത്യ ജീവിതോപയോഗ സാധനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. അത് കൂടാതെ താമസ സ്ഥലത്തെ വാടകയും വളരെയേറെ വർധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ലേബർ ക്യാമ്പുകൾ പോലെ ആണ് ഒരു വീട്ടിൽ എട്ടും പത്തും കുട്ടികൾ താമസിക്കുന്നത്. ജോലി കിട്ടാതെ വരുമ്പോൾ പല കുട്ടികളും കൂലി വേലകൾ വരെ (പറമ്പിൽ ഉള്ള പണികൾ,വീട് വൃത്തിയാക്കൽ ) ക്യാഷ് ജോബ്സ് ആയി ചെയ്യാനൊരുങ്ങുന്നു, അതും വളരെ കുറഞ്ഞ വേദനത്തിലും. നാട്ടിലെ ലോൺ അടക്കണ്ടായോ..കഷ്ടം! ഇവരിൽ പലരും സ്വന്തം വീട്ടിൽ ഒരു ഇല പോലും മുറ്റത്തു നിന്ന് പെറുക്കി മാറ്റി കാണില്ല ഉറപ്പ്!
നാട്ടിലെ റേഷൻ കടകൾ പോലെ ആണ് ഇവിടുത്തെ ഫുഡ് ബാങ്കുകൾ. കുറഞ്ഞ വരുമാനക്കാരായവരും തൊഴിൽരഹിതരുമായ ഇവിടുത്തെ സ്ഥിര താമസക്കാർക്കും (permanent residents) പൗരന്മാർക്കും അത്യാവശം വേണ്ട ബ്രെഡും, പാസ്റ്റയും, മുട്ടയും, പാലും ചിക്കനുമെല്ലാം സൗജന്യമായി കിട്ടുമിവിടെ. എന്നാൽ വിദേശ വിദ്യാർഥികൾ ആണ് ഈ ഫുഡ് ബാങ്കുകളിൽ ഇപ്പോഴത്തെ സ്ഥിരം സന്ദർശകർ. ദാരിദ്ര്യത്തിൽ വിശന്നു വലഞ്ഞു വരുന്നവർക്കായുള്ള ഭക്ഷണം ഇവർക്കും നൽകുന്നു ഈ ഫുഡ് ബാങ്കുകൾ. എന്നാൽ മറ്റുള്ളവരെ കുറിച്ച് തെല്ലുമോർക്കാതെ കയ്യിൽ കിട്ടാവുന്ന എല്ലാ ഭക്ഷണ സാധനങ്ങളും വാരി പെറുക്കി ഓസുകയും അത് സോഷ്യൽ മീഡിയയിൽ ഇട്ടു വൈറൽ ആക്കുന്ന ( അതും ജോലി ചെയ്തു സമ്പാദിക്കുന്ന) ചില വേന്ദ്രന്മാരും ഇക്കൂട്ടത്തിലുണ്ട്. സ്വാർത്ഥന്മാരായ ഇവരൊക്കെ ചെയ്യുന്ന ഈ പ്രവർത്തികൾ കാണുമ്പോൾ മനസ്സാ ശപിക്കുന്നവരിൽ ഭൂരിഭാഗവും ഇവിടെ അദ്ധ്വാനിച്ചു സമ്പാദിച്ചു സമ്പാദ്യത്തിന്റെ 40 ശതമാനത്തോളം (നെറ്റി ചുളിക്കേണ്ട, ലോകത്തിൽ ഇൻകം ടാക്സ് പിരിക്കുന്നതിൽ ഏതാണ്ട് ഒന്നാമത്തെ നിരയിൽ തന്നെ ആണ് കാനഡ!) ഗവൺമെന്റിന് തിരികെ നൽകുന്നവരാണ്. പൗരന്മാർക്ക് ഇത്രയേറെ സൗജന്യ സേവനങ്ങൾ നൽകുന്ന ഒരു രാജ്യം വേറെ കാണില്ല. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പോലെ പണം സമ്പാദിക്കാൻ പറ്റുമെന്ന് കരുതി കാനഡയിലേക്ക് വരേണ്ടതില്ല. ഇവിടെ ആഴ്ചയിലെ രണ്ടു ദിവസത്തോളം കിട്ടുന്ന ശമ്പളം മാത്രമേ കയ്യിൽ കിട്ടുകയുള്ളു ബാക്കി മൂന്ന് ദിവസത്തേതു ടാക്‌സ് ആയി ഗവൺമെന്റിന് കാണിക്ക സമർപ്പിക്കണം.
സോഷ്യൽ മീഡിയയും ഏജൻസികളും മറ്റും നിരത്തുന്ന മധുര വാഗ്ദാനങ്ങൾ തന്നെ ആണ് ഈ വിദ്യാത്ഥികളുടെ ചേക്കേറൽ നിയത്രണാതീതം ആക്കുന്നത്. കാനഡ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ സാമ്പത്തിക ലാഭത്തെക്കാൾ ഉപരി ഉന്നത ജീവിത നിലവാരവും ഇവിടെ കിട്ടുന്ന അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യവും നമ്മുടെ പുതു തലമുറയെ ഇവിടേയ്ക്ക് വല്ലാതെ ആകർഷിക്കുന്ന പ്രധാന ഘടകകങ്ങളാണ്. നമ്മുടെ നാട്ടിൽ എപ്പൊഴും കാരണവന്മാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടികൾ ഇവിടെ വന്നാൽ കൂട്ടിൽ നിന്നും തുറന്നു വിട്ട കിളികളെ പോലെ എല്ലാം അനുഭവിച്ചും ആസ്വദിച്ചും നടക്കാൻ ശ്രമിക്കുന്നു. കഞ്ചാവ് വരെ "legal" ആയിട്ടുള്ള രാജ്യങ്ങൾ ചുരുക്കമല്ലേ ലോകത്തു!
കഴിഞ്ഞ ദിവസം ഓൺലൈൻ പത്രത്തിൽ വായിച്ച മറ്റൊരു വാർത്ത - "കാനഡയിൽ ചേക്കേറുന്നവർക്കു നികുതി രഹിത അക്കൗണ്ട് പദ്ധതി വഴി 40 ,000 ഡോളർ വരെ ഭവനസഹായം ലഭിക്കും"- ഇത് വായിക്കുന്ന ഏതൊരു മലയാളിയും ആദ്യം തന്നെ 40 ,000 ഡോളർ എത്ര ഇന്ത്യൻ രൂപ ആണെന്ന് കണക്കാക്കും,പിന്നെ വിചാരിക്കും ഈ രാജ്യത്തു എത്ര നല്ല ആചാരങ്ങൾ ആണ് തന്നെ കാത്തിരിക്കുന്നത് എന്ന്. തൊഴിൽ കാംക്ഷികളായ നാട്ടിലെ ചെറുപ്പക്കാരെ ഇങ്ങോട്ടേക്കു കൊണ്ടുവരാൻ ഇതുപോലുള്ള ഒരു ത്രെഡ് ലൈൻ മാത്രം മതി! എന്നാൽ ഇ പദ്ധതി മൂലം അതിനു തക്കതായ ജോലി സമ്പാദിച്ചു പണം ഈ പദ്ധതിയിൽ നിക്ഷേപിച്ചു അതിന്റെ തുച്ഛമായ പലിശ സമ്പാദിച്ചു അതിൽ നിന്ന് 40 ,000 ഡോളർ വരെ പിൻവലിക്കുമ്പോൾ ടാക്സിൽ നിന്ന് രക്ഷപെടാമെന്നതാണ് സത്യം!
18 വര്ഷങ്ങള്ക്കു മുൻപ് ഇത് പോലെ ഒരു വിദ്യാർഥി ആയി കാനഡയിലേക്ക് ചേക്കേറിയ ഒരു വ്യക്തി ആണ് ഞാൻ. എന്നാൽ ഈശ്വരാനുഗ്രഹത്താൽ വീടും പറമ്പും പണയം വെക്കാതെയും ലോൺ എടുക്കാതെയും എനിക്കും ഭർത്താവും കുഞ്ഞും അടങ്ങുന്ന എന്റെ കൊച്ചു കുടുംബത്തിനും ഇവിടെ എത്താനും സ്ഥിരതാമസമാക്കാനും സാധിച്ചു. MSc ബിരുദാനന്തര ബിരുദത്തിനും അതിനോടനുബന്ധിച്ച ഗവേഷണത്തിനും സ്കോളർഷിപ്പും stipendum കിട്ടിയിരുന്നു. എന്നിട്ടും യൂണിവേഴ്സിറ്റി ലാബിൽ പാർട്ട് ടൈം ജോലി ചെയ്തും, ടീച്ചിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്തും കുടുംബ ചിലവുകൾ മുന്നോട്ടു കൊണ്ടുപോയി. PhD അഡ്മിഷൻ ആയപ്പോഴേക്കും permanent resident ആയതിനാൽ ഫെഡറൽ ഗവണ്മെന്റിന്റെ (NSERC) സ്കോളർഷിപ്പ് ലഭിച്ചു. അഞ്ചു വര്ഷത്തോളവും ഗവേഷണം നീണ്ടു നിന്നതിനാൽ അപ്പോഴും പാർട്ട് ടൈം ആയി Guelph യൂണിവേഴ്സിറ്റി കഫെറ്റീരിയയിൽ ജോലി ചെയ്തു. ഇന്നിപ്പോൾ യൂണിവേഴ്സിറ്റി അധ്യാപനം ചെയ്യുമ്പോൾ ഞാൻ പഠിപ്പിക്കുന്ന ഇന്റർനാഷണൽ വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണുമ്പോൾ അതെ പാതയിലൂടെ സഞ്ചരിച്ച എനിക്ക് അത് മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിക്കുന്നുണ്ട്. എന്റെ പരിചയക്കാരിൽ നിന്നും അവരുടെ പരിചയത്തിൽ നിന്നുമൊക്കെ ആയി കുറെ സന്ദേശങ്ങൾ എനിക്ക് നിത്യേന ലഭിക്കാറുണ്ട്. എല്ലാവരും വളരെ എളുപ്പത്തിൽ ഒരു ചോദ്യം ചോദിക്കും - കാനഡയിൽ PR സ്റ്റാറ്റസ് എളുപ്പത്തിൽ കിട്ടുവാൻ ഞാൻ (അല്ലെങ്കിൽ എന്റെ മകൻ/മകൾ) ഏതു കോഴ്സ് പഠിക്കണം എന്ന് പറയാമോ? ബിയോളജി/ബയോചെമിസ്ടറി വിഭാഗത്തിൽ മാത്രം പഠിപ്പിക്കുന്ന എനിക്ക് ഏതു കോഴ്സ് എടുത്താൽ PRന് ഉതകുന്ന ജോലി കിട്ടാം എന്ന് എങ്ങനെ ഗണിച്ചു പറയാൻ സാധിക്കും? എന്നാൽ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല, സഹായിച്ചില്ല എങ്കിൽ പിന്നെ എനിക്ക് അഹങ്കാരമായി, അസൂയയായി അത് പിന്നെ മുഷിച്ചിലിനു കാരണവുമാകും.
കഴിഞ്ഞ പത്തൊമ്പതു വർഷത്തോളം ഈ രാജ്യത്തു ഉപരി പഠനത്തിന് വന്നു സ്ഥിരതാമസമാക്കി ജോലി ചെയ്തു ജീവിച്ചു പോരുന്ന വ്യക്തി എന്ന നിലയിൽ കാനഡ സ്വപ്നം കാണുന്ന ഉദ്യോഗ കാംക്ഷികളായ എല്ലാ ചെറുപ്പക്കാരോടും എനിക്ക് ഒന്നേ പറയാനുള്ളു - " grass is not always green on the other side! " വിദേശ വിദ്യാഭ്യാസം നല്ലതു തന്നെ; ഒന്നോർക്കണം നമ്മുടെ നാട്ടിലെ യൂണിവേഴ്സിറ്റികളും കോളേജുകളും ഒന്നും ഒന്നിനും പിറകിലല്ല. വിശ്വാസ യോഗ്യമല്ലാത്ത വാഗ്ദാനങ്ങളിൽ വീഴാതെ, ഇതിലെ ചതി കുഴികൾ തിരിച്ചറിഞ്ഞു വിവേകപൂർവം ചിന്തിച്ചിട്ടേ ഇങ്ങോട്ടേക്കു വരുന്നതിനുള്ള തീരുമാനം എടുക്കാവൂ. നിയന്ത്രണാതീതമായി വിദ്യാർഥികളെ ഏജൻസികളും മറ്റും കയറ്റി അയക്കുന്നതിന്റെ തിക്താനുഭങ്ങൾ അനുഭവിക്കുന്നത് ഇവിടെ എത്തി ചേർന്നിട്ടുള്ള നിരപരാധികളായ ചെറുപ്പക്കാരാണ്... അതും മാതാപിതാക്കൾ തലയിലും തറയിലും വെക്കാതെ ഓമനിച്ചു കൊണ്ട് നടന്നിട്ടുള്ള മക്കൾ. അവരെ ചൂഷണം ചെയ്യാൻ അട്ടകളെ പോലുള്ള ഇത്തരം ഏജൻസികൾക്ക് ഇരയായി ഇട്ടു കൊടുക്കുന്നതിനു മുൻപ് തെല്ലൊന്നു ആലോചിച്ചാൽ നല്ലത്.
നമ്മുടെ രാജ്യത്തു ഇത്രക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയായോ? അതേസമയം "കേരളത്തിൽ വിദേശവിദ്യാർഥികൾക്കു പഠനവും അതിനൊപ്പം തൊഴിലും ഉറപ്പ്!!!! എന്ന ഒരു വാർത്ത ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്ക് അതൊരു വിരോധാഭാസമായി തോന്നി. രാജ ഭരണം തിരികെ വരും എന്ന് പറയും പോലെ നാളെ ഒരു ദിവസം ഇവിടങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ ഇന്ത്യയിലേക്ക് ചേക്കേറാൻ സ്വപ്നം കണ്ടു തുടങ്ങുമോ ആവോ?
എന്തായാലും ഒരേയൊരു പ്രാർഥന മാത്രം -"ലോകാ സമസ്താ സുഖിനോ ഭവന്തു !!
ഡോ. ഉഷ മേനോൻ
No comments:
Post a Comment